തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ (എസ്‌ഐആര്‍) നടപടികൾ പൂര്‍ത്തിയാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 2025 ഒക്‌ടോബറിലെ വോട്ടര്‍പട്ടികയില്‍നിന്ന് ഏകദേശം 9 ലക്ഷത്തോളം പേര്‍ പുറത്തായി. ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 2.78 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. എസ്‌ഐആര്‍ ഹിയറിങ് ഉള്‍പ്പെടെ പൂര്‍ത്തിയായി ഇന്ന് പുറത്തുവിട്ട അന്തിമ പട്ടികയില്‍ ആകെ 2,69,53,644 വോട്ടര്‍മാരാണുള്ളത്.
ഇതില്‍ 1,31,26,048 പുരുഷന്മാരും 1,38,27,319 സ്ത്രീകളുമാണുള്ളത്. ട്രാൻസ്ജെൻഡർ-277, പ്രവാസി വോട്ടര്‍മാര്‍-2,23,558, സര്‍വീസ് വോട്ടര്‍മാര്‍ – 54,110 എന്നിങ്ങനെയാണ്. 18-19 പ്രായപരിധിയിലുള്ള 4,24,518 വോട്ടര്‍മാരാണുള്ളത്. 85 വയസില്‍ അധികമുള്ള 2,04,608 വോട്ടര്‍മാരുണ്ട്. അന്തിമ പട്ടികയിൽ വോട്ടുണ്ടോയെന്ന് അറിയാൻ സന്ദർശിക്കുക: https://electoralsearch.eci.gov.in/.










