കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പിണറായി വിജയനും സർക്കാരിനുമെതിരായ വിമർശനം മുന്നണിക്കുള്ളിൽ ശക്തമാകുന്നു. സിപിഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് മുഖ്യമന്ത്രിയെയും മന്ത്രിമാർക്കുമെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നത്.
തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണം പിണറായി വിജയനാണെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത് തെറ്റായ സന്ദേശമാണെന്നും ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു. ജനങ്ങൾ തള്ളിക്കളഞ്ഞ ഒരാൾ പ്രതിപക്ഷത്തെ നയിക്കരുതെന്ന നിലപാടും യോഗത്തിൽ ഉയർന്നു.
പിണറായി വിജയനിൽ പലപ്പോഴും കമ്മ്യൂണിസ്റ്റ് വിരുദ്ധ ശൈലി പ്രകടമായിരുന്നുവെന്നും ലാളിത്യത്തിന്റെ അഭാവം ജനങ്ങളിൽ അസ്വീകാര്യത സൃഷ്ടിച്ചുവെന്നും വിമർശനം ഉയർന്നു. കമ്മ്യൂണിസ്റ്റ് സർക്കാരിലും നേതാക്കളിലും നിന്ന് ജനങ്ങൾ പ്രതീക്ഷിച്ചത് ഇതല്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
എൽഡിഎഫിൽ സിപിഐയുടെ പ്രാധാന്യം കുറഞ്ഞുവരികയാണെന്നും തിരുത്തൽ ശക്തിയെന്ന നിലയിലെ സ്ഥാനം നഷ്ടപ്പെടുകയാണെന്നും യോഗത്തിൽ വിമർശനം ഉയർന്നു. മുന്നണി പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള രീതിയിലേക്ക് മാറുകയാണെന്ന ആശങ്കയും ചിലർ പങ്കുവെച്ചു.
മൂവാറ്റുപുഴയിൽ സിപിഐ നേരിട്ട കനത്ത തോൽവിയുടെ പശ്ചാത്തലത്തിലും പ്രാദേശിക നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നു.






