കോഴിക്കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 26,82,682 വോട്ടർമാർ ഇത്തവണ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതിൽ 12,66,375 പുരുഷന്മാരും, 14,16,275 സ്ത്രീകളും, 32 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. ജില്ലയിൽ ആകെ 3097 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവയിൽ പഞ്ചായത്തുകളിൽ 2411, മുനിസിപ്പാലിറ്റികളിൽ 290, കോർപ്പറേഷനിൽ 396 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 731 പോളിംഗ് സ്റ്റേഷനുകൾ സെൻസിറ്റീവ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിറ്റി പരിധിയിൽ 117-ഉം, റൂറൽ മേഖലയിൽ 614-ഉം സെൻസിറ്റീവ് ബൂത്തുകളാണുള്ളത്. 166 പോളിംഗ് സ്റ്റേഷനുകളിൽ ലൈവ് വെബ്‌കാസ്റ്റിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.തെരഞ്ഞെടുപ്പിന്റെ ആവശ്യങ്ങൾക്കായി 20 സ്വീകരണ-വിതരണ കേന്ദ്രങ്ങളാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. വോട്ടെണ്ണലിനായി ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നിവിടങ്ങളിലായി പ്രത്യേക കേന്ദ്രങ്ങൾ സജ്ജമാക്കി.




