കോട്ടയം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.
തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങൾ ഏറ്റുമാനൂരിലെ ജില്ലാ വെയർ ഹൗസിൽനിന്ന് ശനിയാഴ്ച മുതൽ ഡിസംബർ ഒന്നുവരെ ബ്ലോക്ക്, മുനിസിപ്പാലിറ്റി തലങ്ങളിലെ റിട്ടേണിങ് ഓഫീസർമാർക്ക് നൽകിത്തുടങ്ങും. ബ്ലോക്ക്, മുനിസിപ്പൽ റിട്ടേണിങ് ഓഫീസർമാർക്കാണ് വോട്ടിങ് യന്ത്രങ്ങൾ കൈമാറുന്നത്.
കോട്ടയം ജില്ലയിലെ പതിനൊന്നു ബ്ളോക്കുകളിലും ആറു നഗരസഭകളിലുമായുള്ള പതിനേഴു വിതരണ-സ്വീകരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകളിലെത്തിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ തിരഞ്ഞെടുപ്പ് ദിവസത്തിന്റെ തലേന്നാണ് പോളിങ് ഉദ്യോഗസ്ഥർക്കു കൈമാറുന്നത്.
അതെസമയം, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി നഗരസഭകൾ, വൈക്കം, കടുത്തുരുത്തി, പാമ്പാടി ബ്ലോക്കുകൾ എന്നിവിടങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളാണ് ശനിയാഴ്ച വിതരണംചെയ്യുന്നത്.




