റായ്‌പൂർ: കബഡി മത്സരത്തിനിടെ കാണികൾക്കായി നിർമിച്ച ടെന്റ് വൈദ്യുതി ലൈനിൽ തട്ടി മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ചത്തീസ്‌ഗഡിലെ കൊണ്ടഗോണിൽ ശനിയാഴ്‌ച രാത്രി റാവസ്‌വാഹി ഗ്രാമത്തിലാണ് അപകടമുണ്ടായത്.
കബഡി മത്സരം നടക്കുന്നതിനിടെ കനത്ത കാറ്റുവീശിയതാണ് അപകടത്തിന് കാരണമായത്. കാറ്റിൽപ്പെട്ട് ടെന്റ് നിർമിക്കാനായി ഉപയോഗിച്ചിരുന്ന ഇരുമ്പ് കമ്പി 11-കെവി വൈദ്യുതി ലൈനിൽ തട്ടി. പിന്നാലെ ടെന്റിലുണ്ടായിരുന്ന ആറുപേർക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇവരെ സമീപത്തെ വിശ്രാംപൂരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേർ മരണപ്പെട്ടതായി ഡോക്‌ടർമാർ അറിയിച്ചു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമായതിനാൽ ഇവരെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റി.




