ഡിസ്നി:ഫ്ലോറിഡയിലെ ഡിസ്നി സ്പ്രിംഗ്സിൽ അതിശയിപ്പിക്കുന്ന തരത്തിലുള്ള ഒരു മോഷണമാണ് നടന്നിരിക്കുന്നത്. തടാകത്തിന്മേൽ ബോട്ടിന്റെ ആകൃതിയിൽ പണിതിരിക്കുന്ന പ്രശസ്തമായ പാഡിൽഫിഷ് സീഫുഡ് റെസ്റ്റോറന്റിലാണ് സംഭവം.
സ്കൂബാ ഡൈവിംഗ് സ്യൂട്ട് ധരിച്ച്, വെള്ളത്തിലൂടെ നീന്തിയെത്തിയ കള്ളൻ അർദ്ധരാത്രിക്ക് ശേഷമാണ് റെസ്റ്റോറന്റിൽ കയറിയത്. അന്ന് ജീവനക്കാർ മാത്രം അകത്ത് ഉണ്ടായിരുന്നതിനാൽ, അവരെ കെട്ടിയിട്ട ശേഷം ഇയാൾ 10,000 മുതൽ 20,000 ഡോളർ വരെ (ഏകദേശം 8 ലക്ഷം മുതൽ 17 ലക്ഷം വരെ) കവർന്നു.
മുഴുവൻ കവർച്ച പൂർത്തിയാക്കാൻ വേണ്ടിവന്നത് വെറും രണ്ടുമിനിറ്റ് മാത്രം. പണം പിടിച്ചെടുത്ത ഉടൻ തന്നെ വെള്ളത്തിലൂടെ തിരികെ മുങ്ങി രക്ഷപ്പെടുകയും ചെയ്തു.ഓർലാൻഡോ പൊലീസ് പ്രതിയുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. ഇയാൾ സ്കൂബാ ഡൈവിംഗ് ഹുഡ്, കണ്ണട, വെറ്റ്‌സ്യൂട്ട്, ഗ്ലൗസ് എന്നിവ ധരിച്ച നിലയിലാണ് ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
സംഭവത്തിന് പിന്നാലെ തന്നെ റെസ്റ്റോറന്റ് സാധാരണ പോലെ പ്രവർത്തനം തുടർന്നു. എന്നാൽ കള്ളനെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.




