ന്യൂഡല്‍ഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പരിസ്ഥിതി പ്രവര്‍ത്തകയായ കാല്ലക്കയില്‍ ദേവകി അമ്മയ്ക്ക് പദ്മശ്രീ. ആലപ്പുഴ സ്വദേശിയാണ് കൊല്ലക്കയില്‍ ദേവകി അമ്മ. പാരിസ്ഥിതിക മേഖലയ്ക്കുള്ള സമഗ്ര സംഭാവനയുടെ പശ്ചാത്തലത്തിലാണ് ബഹുമതി. ഇന്ത്യയുടെ നാരീശക്തി പുരസ്‌കാര ജേതാവു കൂടിയാണ് ദേവകി അമ്മ.
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് അഞ്ച് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വനമുണ്ടാക്കിയ ദേവകി അമ്മ വനത്തില്‍ 3000-ത്തിലധികം ഔഷധസസ്യങ്ങളെയും വന്‍മരങ്ങളെയും പരിപാലിക്കുന്നു.
തപസ്വനം എന്നറിയപ്പെടുന്ന മനുഷ്യനിര്‍മ്മിത വനം സൃഷ്ടിച്ചതിലൂടെ പതിറ്റാണ്ടുകളായി പരിസ്ഥിതി സംരക്ഷണത്തിന് നല്‍കിയ സംഭാവനയ്ക്കാണ് അംഗീകാരം. 92 വയസ്സുള്ള ദേവകി അമ്മ, തന്റെ പൂര്‍വ്വിക ഭവനമായ കൊല്ലയക്കല്‍ വളപ്പിലെ അഞ്ചേക്കര്‍ തരിശുഭൂമി ഹരിതാഭമായ ഒരു ആവാസവ്യവസ്ഥയായി രൂപാന്തരപ്പെടുത്തി.
നാലര പതിറ്റാണ്ടിലേറെയായി, ഓരോ തൈയും കൈകൊണ്ട് നട്ട് പരിപാലിച്ചു. ഇന്ന് വിവിധതരം മരങ്ങള്‍, ഔഷധസസ്യങ്ങള്‍, പക്ഷികള്‍, മത്സ്യങ്ങള്‍, പ്രാണികള്‍ എന്നിവയ്ക്ക് ഇടം നല്‍കുന്ന ഒരു നിബിഢവനം അവര്‍ സൃഷ്ടിച്ചു. കായലുകളും പാടശേഖരങ്ങളും മണല്‍ മണ്ണും നിറഞ്ഞ ഈ പ്രദേശത്ത് സ്വയം നിലനില്‍ക്കുന്ന വനത്തിന്റെ അപൂര്‍വ്വ മാതൃകയാണ് തപസ്വനം.




