ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതും വാങ്ങാൻ ശ്രമിക്കുന്നതും കുറ്റകരമെന്ന് സുപ്രിം കോടതി. അഴിമതി നിരോധന നിയമപ്രകാരം ഒരു ഉദ്യോഗസ്ഥൻ തന്റെ സ്ഥാനം ദുരുപയോഗം ചെയ്യുന്നതും മറ്റു ഉദ്യോഗസ്ഥരിൽ സ്വാധീനം ചെലുത്തുന്നതും കുറ്റകരമാണെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കോടീശ്വർ സിങ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.
കൈക്കൂലി കേസിൽ കുറ്റവാളിയാകാൻ ഒരു ഉദ്യോഗസ്ഥൻ വ്യക്തിപരമായി കൈക്കൂലി വാങ്ങേണ്ടതില്ലെന്ന നിർണായത നിരീക്ഷണവും ബെഞ്ച് നടത്തി. നേരിട്ടോ വ്യക്തിപരമായി സ്വാധീനം ചെലുത്തിയോ കീഴുദ്യോഗസ്ഥർ മുഖേനയോ കുറ്റകൃത്യം ചെയ്യാൻ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ബെല്ലാരി ജില്ലയിലെ സിഗുരുപ്പ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ.രംഗയ്യക്കെതിരായ എഫ്‌ഐആർ റദ്ദാക്കിയ കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക ലോകായുക്ത നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതി വിധി.






