ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിന്നീട് അവരെ വിവാഹം ചെയ്താലും കേസില്‍ നിന്നു മോചിതനാകില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി ഹൈക്കോടതി. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയാണു ജസ്റ്റിസ് ഗിരീഷ് കത്പാലിയ കോടതി നിലപാട് അറിയിച്ചത്.
കേസിലെ പ്രതി പെണ്‍കുട്ടിക്കു 16 വയസ്സുള്ളപ്പോഴാണു പരിചയപ്പെട്ടത്. വിവാഹവാഗ്ദാനം നല്‍കി പലതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ പെണ്‍കുട്ടി രണ്ടു തവണ ഗര്‍ഭിണിയാവുകയും തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കുകയും ചെയ്‌തെന്നും എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായ ശേഷം അവരെ വിവാഹം ചെയ്തതിനാല്‍ ജാമ്യം അനുവദിക്കണമെന്ന ഇയാളുടെ വാദം തള്ളിയ കോടതി, അറസ്റ്റിലായതിന് ശേഷമാണ് വിവാഹത്തിന് ഇയാള്‍ സമ്മതിച്ചതെന്നും നിരീക്ഷിച്ചു.




