കോഴിക്കോട്: താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ മരിച്ചയാളുടെ മകൾ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി. കോഴിക്കോട് താമരശ്ശേരി സ്വദേശി കാരാടിപ്പറമ്പത്ത് ഗോപാലൻ (74) ആണ് മരിച്ചത്.
ഭർത്താവിന്റെ നിരന്തര ഉപദ്രവവും മാനസിക പീഡനവും മൂലമുണ്ടായ മനോവിഷമമാണ് പിതാവിന്റെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് മകൾ ദിവ്യയാണ് താമരശ്ശേരി പൊലീസിൽ പരാതി നൽകിയത്.
പരാതിപ്രകാരം, മരണത്തിന് ഏതാനും മിനിറ്റുകൾ മുൻപ് ദിവ്യയുടെ സ്ഥാപനത്തിന് മുന്നിൽ വച്ച് ഭർത്താവ് വിനീഷ് ഗോപാലനെ അപമാനിക്കുകയും സ്ഥലത്ത് നിന്ന് പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായ ഗോപാലൻ ഒരു സുഹൃത്തിനോട് കാര്യം പറയാൻ പോകുന്നതിനിടെയാണ് റോഡരികിൽ കുഴഞ്ഞുവീണതെന്ന് ദിവ്യ ആരോപിക്കുന്നു.
വിനീഷ് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ആളാണെന്നും കഴിഞ്ഞ ദിവസവും താൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ എത്തി ബഹളം വെച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. തനിക്കും മക്കൾക്കും നേരെയുണ്ടായിരുന്ന തുടർച്ചയായ പീഡനങ്ങൾ ഗോപാലനെ മാനസികമായി ഏറെ ബാധിച്ചിരുന്നുവെന്നും ദിവ്യ ചൂണ്ടിക്കാട്ടി.
തങ്ങളെ പിതാവ് സഹായിക്കുന്നതിലുള്ള വിരോധമാണ് വിനീഷിനെ ഗോപാലനെതിരെ തിരിയാൻ കാരണമായതെന്നും പരാതിയിൽ ആരോപിക്കുന്നു.
കുഴഞ്ഞുവീണ ഗോപാലനെ ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ശാന്ത. മക്കൾ: ദിവ്യ, ധന്യ. മരുമകൻ: വിവേക്.






