ദുബായ്: യുഎഇയിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവരെ നേരിട്ട് ബാധിക്കുന്ന നിരവധി മാറ്റങ്ങൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുകയാണ്. ശമ്പള വിതരണ തീയതികൾ, പാർക്കിംഗ് പേയ്‌മെന്റ് രീതികൾ, യാത്രാ ചെലവുകൾ, നിയമപരമായ പ്രായപരിധി എന്നിവയിലാണ് മാറ്റങ്ങൾ വരുന്നത്. അഞ്ച് പ്രധാന മാറ്റങ്ങൾ ഇവയാണ്.
യുഎഇ നികുതി നിയമങ്ങളുടെ ഭാഗമായി ജൂൺ 1 മുതൽ എല്ലാ പൊതു പാർക്കിംഗ് സേവനങ്ങൾക്കും 5 ശതമാനം നികുതി (VAT) ഏർപ്പെടുത്തും. റോഡരികിലെയും അല്ലാത്തതുമായ എല്ലാ പൊതു പാർക്കിംഗുകൾക്കും ഇത് ബാധകമാണ്. സീസണൽ പാർക്കിംഗ് കാർഡുകൾ, പാർക്കിംഗ് പെർമിറ്റുകൾ എന്നിവയ്ക്കും നിരക്ക് കൂടും.
ദുബൈയിലെ സാലിക് (Salik) ടോൾ ഗേറ്റ് ഫീസുകളിലും ടാഗ് ആക്ടിവേഷൻ ചാർജുകളിലും 5 ശതമാനം വാറ്റ് (VAT) ഏർപ്പെടുത്തും. പുതുക്കിയ തുക ഉപഭോക്താക്കളുടെ പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്ന് പിടിക്കും. ദിവസവും 4 ഗേറ്റ് കടന്നുപോകുന്ന ഒരാൾക്ക് ടോൾ നിരക്ക് 24 ദിർഹത്തിൽ നിന്ന് 25.20 ദിർഹമായി ഉയരും. പ്രതിമാസം ഏകദേശം 26.40 ദിർഹത്തിന്റെ അധിക ബാധ്യതയുണ്ടാകും.
ഡിജിറ്റൽ വൽക്കരണ നയത്തിന്റെ ഭാഗമായി ഫിസിക്കൽ പാർക്കിംഗ് മീറ്ററുകളിൽ ക്യാഷ് പേയ്‌മെന്റുകൾ ജൂൺ 1-ഓടെ നിർത്തലാക്കും. നോൽ (nol) കാർഡുകൾ പാർക്കിൻ (Parkin) മൊബൈൽ ആപ്പ്, എസ്എംഎസ് (SMS) പാർക്കിംഗ് ടോക്കണുകൾ,ദുബൈ നൗ (Dubai Now), ആർടിഎ (RTA) ആപ്പുകൾ വഴി പണമടക്കണം.
പുതിയ സിവിൽ നിയമപ്രകാരം നിയമപരമായ പ്രായപരിധി 21-ൽ നിന്നും 18 വയസ്സായി കുറച്ചു. 18 വയസ്സ് തികയുന്നതോടെ യുവാക്കൾക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ സ്വന്തമായി സാമ്പത്തിക ഇടപാടുകൾ നടത്താനും, കരാറുകളിൽ ഒപ്പിടാനും, ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും സാധിക്കും.
തൊട്ടുമുമ്പത്തെ മാസത്തെ ശമ്പളം അടുത്ത മാസം ഒന്നാം തീയതിക്കുള്ളിൽ തന്നെ നൽകിയിരിക്കണം (ഉദാഹരണത്തിന്: മെയ് മാസത്തെ ശമ്പളം ജൂൺ 1-നകം നൽകണം). അതിനുശേഷമുള്ള പേയ്‌മെന്റുകൾ വൈകിയതായി കണക്കാക്കും. ശമ്പളം പൂർണ്ണമായും ഡബ്ല്യുപിഎസ് (WPS) അല്ലെങ്കിൽ മന്ത്രാലയം അംഗീകരിച്ച ചാനലുകൾ വഴി മാത്രമേ നൽകാവൂ.






