ന്യൂഡൽഹി: സിബിഎസ്ഇ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പ്രശ്നം ഉടൻ പരിഹരിക്കുമെന്നും വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു.
ഒഎസ്എം (ഓൺ സ്ക്രീൻ മാർക്കിംഗ്) സംവിധാനത്തിലെ പൊരുത്തക്കേടുകളാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് മന്ത്രി വ്യക്തമാക്കി. സിബിഎസ്ഇ ആദ്യമായാണ് ഈ സംവിധാനം നടപ്പിലാക്കുന്നതെന്നും, വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സിബിഎസ്ഇയിൽ ആവശ്യമായ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഭാവിയിൽ ഒഎസ്എം സംവിധാനം വീണ്ടും നടപ്പിലാക്കുന്നതിനെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തുമെന്നും അറിയിച്ചു.
ഇതിനിടെ, വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ സിബിഎസ്ഇയ്ക്ക് നിയമനോട്ടീസ് അയച്ചിട്ടുണ്ട്.






