കൊച്ചി: അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ ടിനി ടോം, നടി ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ ഉയർന്ന പരാതികൾ നിഷ്പക്ഷമായി പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യവുമായി നടി അൻസിബ ഹസൻ രംഗത്ത്.
സംഘടനയിൽ ഈ വിഷയത്തെ തുടർന്ന് വലിയ അഭിപ്രായ ഭിന്നതകളും ചേരിതിരിവും ഉണ്ടായ പശ്ചാത്തലത്തിൽ, പരാതികൾ കേൾക്കാൻ അൻസിബയെ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി കത്ത് നൽകിയിരുന്നു. ജൂൺ 1 മുതൽ 3 വരെയുള്ള തീയതികളിൽ അമ്മ ഓഫീസിൽ എത്തി തെളിവുകൾ സഹിതം ഹാജരാകാനായിരുന്നു നിർദേശം.
ഇതിന് മറുപടിയായി അയച്ച ഇമെയിലിൽ, തനിക്ക് ജൂൺ 1-ാം തീയതിയോ അല്ലെങ്കിൽ ജൂൺ 7-ന് ശേഷമുള്ള ഏതെങ്കിലും ദിവസമോ മാത്രമേ ഹാജരാകാൻ കഴിയൂ എന്ന് അൻസിബ അറിയിച്ചു.
തന്റെ പരാതികൾ നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയല്ല കേൾക്കേണ്ടതെന്നും, പകരം പൂർണ്ണമായും നിഷ്പക്ഷമായ ഒരു സമിതി രൂപീകരിക്കണമെന്നുമാണ് അൻസിബയുടെ പ്രധാന ആവശ്യം. ആരോപണം ഉന്നയിച്ചിരിക്കുന്നത് കമ്മിറ്റി അംഗങ്ങൾക്കെതിരെയായതിനാൽ, അതേ കമ്മിറ്റിക്ക് കീഴിൽ നീതി ലഭിക്കില്ലെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു.
പുതിയ സമിതിയിലേക്ക് രമേഷ് പിഷാരടി, മാലാ പാർവതി, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ പേരുകളും അൻസിബ നിർദേശിച്ചിട്ടുണ്ട്. ഇവരിൽ ആരെങ്കിലും പങ്കെടുക്കാൻ അസൗകര്യം ഉണ്ടെങ്കിൽ, തനിക്കൊപ്പം ആലോചിച്ച് പകരക്കാരനെ നിയോഗിക്കാമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
പരാതി കേൾക്കുന്ന പ്രക്രിയ പൂർണ്ണമായും വീഡിയോയിൽ രേഖപ്പെടുത്തണമെന്നും, അതിന്റെ പകർപ്പ് തനിക്കു നൽകണമെന്നും അൻസിബ ആവശ്യപ്പെട്ടു. ഇരുപക്ഷത്തെയും വാദങ്ങൾ കേട്ടശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും, മുഴുവൻ നടപടിയും നിഷ്പക്ഷവും സുതാര്യവുമായിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി എങ്ങനെ മുന്നോട്ട് പോകുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.






