തിരുവനന്തപുരം: തന്റെ പ്രായം തെളിയിക്കുന്ന രേഖകൾ കോടതിയിൽ സമർപ്പിച്ച് കുംഭമേള വൈറൽ താരം. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതും മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് എറണാകുളം സിജെഎം കോടതിയിൽ ഹാജരായി പെൺകുട്ടി രഹസ്യമൊഴി നൽകിയത്.
മണിപ്പൂർ ഡയറി സിനിമയുടെ സംവിധായകൻ സനോജ് മിശ്ര മോശമായി പെരുമാറിയതായും, വി.എച്ച്.പി നേതാവ് അനിൽ വിളയിൽ തനിക്കെതിരെ നുണപ്രചാരണം നടത്തിയതായും പെൺകുട്ടി പരാതിയിൽ ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇക്കേസിലാണ് പെൺകുട്ടി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയത്. ഈ സമയത്താണ് പ്രായവുമായി ബന്ധപ്പെട്ട രേഖകളും കോടതിയിൽ ഹാജരാക്കിയത്. തന്റെ പ്രായത്തെക്കുറിച്ച് നടക്കുന്ന പ്രചാരണങ്ങൾ നുണയാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് കേസെടുത്തതെന്നും പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
പ്രായപൂർത്തിയാകുന്നതിന് മുൻപ് വിവാഹം നടന്നതായി ചൂണ്ടിക്കാട്ടി മധ്യപ്രദേശ് പോലീസ് എടുത്ത പോക്സോ കേസിന്റെ അന്വേഷണം തുടരുന്നതിനിടയിലാണ് പുതിയ സംഭവവികാസം. വിവാഹവുമായി ബന്ധപ്പെട്ട കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞതായി സൂചനയുണ്ട്. ഏഴ് വയസുള്ളപ്പോൾ എടുത്ത ആധാർ കാർഡടക്കമുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചതായി അഭിഭാഷകൻ അറിയിച്ചു. വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനെതിരെ കേസ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, പെൺകുട്ടിയെ വിവാഹം കഴിച്ച ഫർമ്മാൻ ഖാനെ ഈ മാസം 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് അന്വേഷിക്കാൻ കേരളത്തിലെത്തിയ മധ്യപ്രദേശ് പോലീസിന് ഇതുവരെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.




