രാജ്‌കോട്ട്: സോഷ്യൽ മീഡിയ വഴി സ്ത്രീയെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ രാജ്‌കോട്ടിൽ യുവാവ് കൊല്ലപ്പെട്ടു. സംഭവത്തിൽ പിയൂഷ് കുമാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് വർഷത്തോളം സ്ത്രീവേഷത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് ചന്ദൻ കുമാർ പിയൂഷിനെ വഞ്ചിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. നിഷ കുമാർ, പൂനം എന്നീ പേരുകളിൽ അക്കൗണ്ടുകൾ നിർമ്മിച്ചാണ് ഇയാൾ പിയൂഷുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് ഇരുവരുടെയും ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയതായി റിപ്പോർട്ടുണ്ട്. സിന്ദൂരമണിയിച്ച് പിയൂഷ്, ചന്ദനെ ഭാര്യയായി സ്വീകരിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
തുടർന്ന് മതപരമായ വ്രതങ്ങൾ ഉള്ളതിനാൽ ശാരീരിക ബന്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ ചന്ദൻ, പിന്നീട് ഷേവ് ചെയ്യുന്നത് കണ്ടതോടെയാണ് പിയൂഷിന് തട്ടിപ്പ് മനസിലായത്. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ സംഘർഷം ഉണ്ടായി. പിന്നീട് ചന്ദനെ റെയിൽവേ ട്രാക്കിന് സമീപമുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി വലിയ കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് പിയൂഷിന്റെ മൊഴി.
ജൂൺ 25ന് ചന്ദന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നാലെ പിയൂഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.




