കോഴിക്കോട്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിനുള്ളിലെ അതൃപ്തി ശക്തമാകുന്നതായി റിപ്പോർട്ടുകൾ. കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസിന് പിന്നാലെ പാർട്ടിയിലെ ചില എംപിമാരും നിയമനത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
ഭാവിയിലെ മണ്ഡല പുനർനിർണയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷണർ അനാവശ്യമായി ഇടപെടുമോയെന്ന ആശങ്കയാണ് നേതാക്കൾ പങ്കുവെക്കുന്നത്. അതിനാൽ എൻ. ശേഷാദ്രിനാഥിന്റെ നിയമന വിഷയം പാർട്ടി തലത്തിൽ വിശദമായി ചർച്ച ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷണർ പദവി അതീവ നിർണായകമാണെന്നും, എതിര്‍ രാഷ്ട്രീയ ബന്ധമുള്ളവരെ ഇത്തരം ഭരണഘടനാപരമായ സ്ഥാനങ്ങളിൽ നിയമിക്കുന്നത് ജനാധിപത്യ സംവിധാനത്തെ ബാധിക്കാമെന്നുമാണ് ചില നേതാക്കളുടെ നിലപാട്.
അതേസമയം, വിഷയത്തെ ചൊല്ലി കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും സജീവമായതായി റിപ്പോർട്ടുകളുണ്ട്. കോഴിക്കോട് ഡിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പശ്ചാത്തലത്തിൽ എൻ. ശേഷാദ്രിനാഥനെതിരായ നിലപാട് സ്വീകരിച്ച പി.എം. നിയാസിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനം ഉയരുന്നുവെന്നാണ് സൂചന. നിയാസിന്റെ പ്രതികരണം പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
പി.എം. നിയാസിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ രംഗത്തുണ്ടെന്നാണ് റിപ്പോർട്ട്. മറുവശത്ത് എൻ. സുബ്രഹ്മണ്യനെ രമേശ് ചെന്നിത്തല പിന്തുണയ്ക്കുന്നതായും പറയുന്നു. കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിജേഷ് അരവിന്ദ്, ഷാജിർ അറാഫത്ത് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ അധ്യക്ഷൻ നൗഷീറിനെ പിന്തുണച്ച് എം.കെ. രാഘവനും രംഗത്തുണ്ടെന്നാണ് വിവരം.
എൻ. ശേഷാദ്രിനാഥിന്റെ നിയമന ശുപാർശക്കെതിരെ നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്ന പി.എം. നിയാസ്, പിന്നീട് സർക്കാർ തീരുമാനം ജനാധിപത്യ മര്യാദയുടെ ഭാഗമായി അംഗീകരിക്കുന്നുവെന്ന് പ്രതികരിച്ചിരുന്നു. വ്യക്തികളോടല്ല, തത്വങ്ങളോടാണ് തന്റെ നിലപാടെന്നും, എൻ. ശേഷാദ്രിനാഥ് ഭരണഘടനാപരമായ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, വിഷയത്തിൽ പി.എം. നിയാസിനെ വിമർശിച്ച് യൂത്ത് ലീഗും രംഗത്തെത്തിയിട്ടുണ്ട്.




