തിരുവനന്തപുരം: എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ പദ്ധതിയുടെ ഭാഗമായി കാട്ടാക്കട എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കോഴിക്കടയുടെ മറവിൽ അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തിയിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു.
പൂഴനാട് മുള്ളിലവിന്മൂട് വിളയിൽ വീട്ടിൽ അജി (39), കോഴിക്കടയിലെ ജീവനക്കാരനായ മൈലക്കര രണ്ടാംതോട് തോട്ടിൻമൂല വീട്ടിൽ ജോസ് (42) എന്നിവരെയാണ് കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ ടി. കാർത്തികിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മിന്നൽ പരിശോധനയിൽ ഇവരിൽ നിന്ന് ആകെ 101 കുപ്പി വിദേശമദ്യവും മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
കോഴിക്കട ഉടമയായ അജിയുടെ നേതൃത്വത്തിലായിരുന്നു അനധികൃത മദ്യവിൽപ്പന നടന്നിരുന്നതെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. ഫോൺ മുഖേന ഓർഡറുകൾ സ്വീകരിച്ച ശേഷം ആവശ്യക്കാർ ആവശ്യപ്പെട്ട സ്ഥലങ്ങളിൽ സ്കൂട്ടറിൽ മദ്യം എത്തിച്ച് നൽകുകയായിരുന്നു ജീവനക്കാരനായ ജോസിന്റെ ചുമതല.
കള്ളിക്കാട് പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം 5.5 ലിറ്റർ വിദേശമദ്യവുമായി മറ്റൊരാൾക്ക് വിൽക്കുന്നതിനിടെയാണ് ജോസിനെ എക്സൈസ് സംഘം പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കടയിൽ പരിശോധന നടത്തുകയും, അവിടെ ഒളിപ്പിച്ചുവെച്ചിരുന്ന 90 കുപ്പി വിദേശമദ്യം കൂടി പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെയാണ് കടയുടമയായ അജിയും അറസ്റ്റിലായത്.
അറസ്റ്റിലായ ഇരുവരെയും കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ലഹരിക്കടത്തും അനധികൃത മദ്യവിൽപ്പനയും തടയുന്നതിനായി കാട്ടാക്കട മേഖലയിൽ പരിശോധന ശക്തമാക്കിയതായി എക്സൈസ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ജൂണിൽ നടത്തിയ പരിശോധനയിൽ 27 ഗ്രാം ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശിയെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. വരും ദിവസങ്ങളിലും വ്യാപക പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.




