കോട്ടയം: തെള്ളകത്തു വെച്ച് അക്രമിയുടെ ചവിട്ടേറ്റ് മരിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്കും മക്കൾക്കുമായി പൊലീസുകാരിൽ നിന്നും പിരിച്ചെടുത്ത സഹായം കൈമാറിയില്ലെന്നു പരാതി.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന മാഞ്ഞൂർ ചിറയിൽ വീട്ടിൽ സി.കെ.ശ്യാം പ്രസാദ് കഴിഞ്ഞ ഫെബ്രുവരി രണ്ടിന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴി തെള്ളകത്ത് തട്ടുകടയിലുണ്ടായ അക്രമം തടയുന്നതിനിടെ അക്രമിയുടെ ചവിട്ടേൽക്കുകയും തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയുമായിരുന്നു.
ജില്ലയിലെ മന്ത്രിക്കും, ജില്ലാ പൊലീസ് മേധാവിക്കും ശ്യാം പ്രസാദിന്റെ ഭാര്യ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല എന്ന് കുടുംബം പറയുന്നു. പണം കൈമാറാൻ നടപടി വേണം എന്നാണ് ശ്യാം പ്രസാദിന്റെ ഭാര്യയുടെ പരാതി. പണം ആർക്കു നൽകണം എന്ന കാര്യത്തിൽ തർക്കം നില നിൽക്കുന്നതായാണ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.
ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന ശ്യാം പ്രസാദിന്റെ നിർധന കുടുംബത്തെ സഹായിക്കാനാണ് പൊലീസുകാരിൽ നിന്നും പൊലീസ് അസോസിയേഷൻ പണം പിരിച്ചത്. നവംബർ ഇരുപതിനാലീന് പൊലീസ് ക്ലബ്ബിൽ വച്ച് പത്തു ലക്ഷം രൂപയുടെ ഡെമോ ചെക്ക് ശ്യാം പ്രസാദിന്റെ ഭാര്യയ്ക്കും മക്കൾക്കും ജില്ലാ പൊലീസ് മേധാവി കൈമാറിയിരുന്നു. എന്നാൽ ഒരു മാസമായിട്ടും പണം തങ്ങൾക്ക് കൈമാറിയില്ല എന്നാണ് പരാതി.










