തിരുവനന്തപുരം: കൊലപാതക കേസുകളിൽ പ്രതിയെ കണ്ടെത്താൻ പോലീസിനെ സഹായിച്ചതിന് കോടതിയുടെ അഭിനന്ദനമേറ്റുവാങ്ങിയ തിരുവനന്തപുരം റൂറൽ പോലീസിന്റെ ട്രാക്കർ ഡോഗ് ജെറി വിടവാങ്ങി. രണ്ടര വർഷം മുൻപ് വിരമിച്ചശേഷം മുൻ പരിശീലകൻ വിഷ്ണുശങ്കറിനൊപ്പമായിരുന്നു ജെറി. അർബുദത്തെത്തുടർന്നായിരുന്നു അന്ത്യം. ഒന്നര വർഷം മുൻപാണ് രോഗം സ്ഥിതീകരിച്ചത്. കന്യാകുളങ്ങര മീനാറിലെ വിഷ്ണുശങ്കറിന്റെ വീട്ടിൽ ചികിത്സയിലായിരുന്നു.
തിരുവനന്തപുരം റൂറൽ പൊലീസ് ശ്വാനസേനാ വിഭാഗത്തിലെ ലാബ്രഡോർ നായയായിരുന്നു ജെറി. 2015-ൽ ട്രാക്കർ ഡോഗായി വെഞ്ഞാറമൂട് ഡോഗ് സ്ക്വാഡിൽ എത്തുകയായിരുന്നു. 30 ഗുഡ് സർവീസ് എൻട്രികളും ഡിജിപിയുടെ മൂന്ന് എക്സലൻസ് പുരസ്കാരവും ജെറി നേടിയിട്ടുണ്ട്. കടയ്ക്കാവൂരിൽ ശാരദ എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മണികണ്‌ഠനെ മണംപിടിച്ച് കണ്ടെത്തിയ മികവിനാണ് കോടതിയിൽനിന്ന് ജെറിക്ക് അഭിനന്ദനം ലഭിച്ചത്.




