തിരുവനന്തപുരം: പി എം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യഭ്യാസമന്ത്രാലയത്തിന് ഇന്ന് കേരളം കത്തയക്കും. കത്തിന്റെ കരട് ഇന്ന് മുഖ്യമന്ത്രി പരിശോധിച്ച ശേഷമാകും അയക്കുക.
കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പി എം ശ്രീ പദ്ധതി മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍ ഇതുവരെ കത്തയക്കാത്തത് ഇടതുമുന്നണിയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രി തിരക്കിലായതിനാലാണ് കത്തിന്റെ കരട് പരിശോധിക്കാന്‍ സാധിക്കാതെ പോയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഈ സാഹചര്യത്തിലാണ് ഇന്ന് തന്നെ കത്തയക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഇന്നലെ കണ്ണൂരില്‍ നിന്നെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തന്നെ കത്ത് പരിശോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറും
.പൊതുവിദ്യാഭ്യാസ വകുപ്പാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേന്ദ്രത്തിലേക്ക് കത്തയക്കുക.
പിഎം ശ്രീ പദ്ധതിയെ കുറിച്ച് പഠിക്കാന്‍ മന്ത്രിസഭാ ഒരു ഉപസമിതിയ്ക്ക് രൂപം നല്‍കിയിരുന്നു.
ഈ ഉപസമിതിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് കത്തയക്കുക.
ഇന്ന് ഉച്ചയോടുകൂടി കത്ത് കേന്ദ്രത്തിന് കൈമാറും. സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കുന്ന തീരുമാനത്തില്‍ നിന്ന് സിപിഐഎം മാറി ചിന്തിച്ചത്.


