തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിച്ച് മരിച്ചവരുടെ എണ്ണം വർധിക്കുന്നു. ഒരു മാസത്തിനിടെ 46 പനിമരണം റിപ്പോർട്ട് ചെയ്തു. എലിപ്പനി ബാധിച്ച് 28 പേരും മരിച്ചു. അതേസമയം മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക ഏറുകയാണ്. ഉറവിടം കണ്ടെത്താനാകാത്തതാണ് ആരോഗ്യ വകുപ്പിൻ്റെ മുന്നിൽ പ്രതിസന്ധിയാകുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത് ഏഴു പേരാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ആറു പേരും വയനാട്ടിലെ ഒരാളുമാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതുവരെ ഫലം ലഭിച്ചിട്ടില്ല. ഉറവിടം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന് പ്രതിസന്ധിയാണ്. ചികിൽസയിലുള്ള തലക്കുളത്തൂർ പഞ്ചായത്തിലെ യുവാവിൻ്റെ ആരോഗ്യ നില മെച്ചപ്പെടുന്നുണ്ട്. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പ്രാദേശികമായി പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്.




