ടെഹ്‌റാൻ: ഇറാൻ തലസ്ഥാനത്തോട് ചേർന്ന പ്രദേശത്തെ ഷോപ്പിങ് സെന്ററിൽ ഉണ്ടായ തീപിടിത്തത്തിൽ എട്ട് പേർ മരിച്ചു. അപകടത്തിൽ 36 പേർക്ക് പരിക്കേറ്റതായി സർക്കാർ മാധ്യമങ്ങൾ അറിയിച്ചു.
ടെഹ്‌റാൻ പ്രവിശ്യയിലെ ആൻഡിഷെ നഗരത്തിലുള്ള അർഘവാൻ ഷോപ്പിങ് സെന്ററിലാണ് ചൊവ്വാഴ്ച തീപിടിത്തം ഉണ്ടായത്. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ബഹുനില കെട്ടിടത്തിൽ നിന്ന് കനത്ത കറുത്ത പുക ഉയരുന്നതും അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ പരിശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണപ്പെട്ടു. കെട്ടിടത്തിന്റെ പുറംഭാഗത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കൾ എളുപ്പത്തിൽ കത്തുന്നതായതിനാൽ തീ വേഗത്തിൽ പടർന്നതായാണ് പ്രാദേശിക അഗ്നിശമന വിഭാഗം വ്യക്തമാക്കിയത്.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. നിലവിലെ അന്തർദേശീയ സംഘർഷങ്ങളുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നത് വ്യക്തമല്ല.




