കോഴിക്കോട് : കടലുണ്ടി ചാലിയം വട്ടപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലിഫ്റ്റിൽ കുടുങ്ങിയ നാലുപേരെ ഫയർഫോഴ്‌സ് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി. സാങ്കേതിക തകരാർ കാരണം ലിഫ്റ്റ് പ്രവർത്തനം നിലച്ചതിനെ തുടർന്ന് നാല് പേർ ഉള്ളിൽ അകപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ മീഞ്ചന്ത അഗ്‌നിരക്ഷാനിലയത്തിൽ നിന്നും ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സ്റ്റേഷൻ ഓഫീസർ സി കെ മുരളീധരൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇ ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളാണ് വിദഗ്ധമായി ലിഫ്റ്റ് തുറന്ന് കുടുങ്ങിയവരെ പുറത്തെത്തിച്ചത്. ലിഫ്റ്റിൽ കുടുങ്ങിയ എല്ലാവരും സുരക്ഷിതരാണ്.




