പാട്ന: ബിഹാറിലെ ജെഹാനാബാദിൽ അഞ്ചുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ സ്കൂൾ കാന്റീൻ ജീവനക്കാരൻ മുകേഷ് അറസ്റ്റിൽ. റസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടിയെ ഞായറാഴ്ച രാത്രി പ്രതി തന്റെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് മൊഴി.
തുടർന്ന് കുട്ടി നിലവിളിച്ച് പുറത്തുപോകുമെന്ന് ഭയന്ന പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹം പിന്നീട് ഹോസ്റ്റലിലെ ഗോവണിപ്പടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പിറ്റേന്ന് രാവിലെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകത്തിന് ഉപയോഗിച്ച ബ്ലേഡ് പൊലീസ് കണ്ടെടുത്തു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും മദ്യലഹരിയിലായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ മുകേഷ് വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
ഹോസ്റ്റൽ ജീവനക്കാരുമായി ഉണ്ടായ തർക്കങ്ങളും കുട്ടികളുമായുള്ള പ്രശ്നങ്ങളും അന്വേഷണത്തിൽ പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗം, കൊലപാതകം, പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.




