കോഴിക്കോട്: വിവാഹ ഹാളിൽ ഉണ്ടായ തർക്കത്തിനിടെ പോലീസിനെ വിളിച്ചതിന്റെ വിരോധത്തിൽ യുവാവിനെ മർദിച്ച് പല്ല് പൊട്ടിച്ച കേസിൽ നാലുപേരെ കസബ പോലീസ് അറസ്റ്റ് ചെയ്തു. കല്ലുത്താൻകടവ് ഫ്‌ലാറ്റിൽ താമസിക്കുന്ന രാഗേഷ് ബാബു (18), വിഷ്ണു (23), കിരൺ ശങ്കർ (19), അജയ് (18) എന്നിവരാണ് പിടിയിലായത്.
ഇവരുടെ ഫ്‌ലാറ്റിൽ താമസിക്കുന്നയാളെ ജനുവരി 12-ന് രാത്രി പാർക്കിങ് ഏരിയയിൽ വെച്ച് സംഘം ആക്രമിക്കുകയായിരുന്നു. മുഖത്ത് സ്റ്റീൽ വള പോലുള്ള വസ്തുവുകൊണ്ട് അടിക്കുകയും, താടിക്ക് കൈകൊണ്ട് ശക്തമായി ഇടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ആക്രമണത്തിൽ യുവാവിന്റെ പല്ല് ഇളകി വീഴുകയും, താടിയെല്ലിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികളെ ഗോവിന്ദപുരം കാവിൽത്താഴം, കല്ലുത്താൻകടവ്, മുണ്ടിക്കൽത്താഴം എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയത്.
കസബ പോലീസ് ഇൻസ്‌പെക്ടർ പി.ജെ. ജിമ്മിയുടെ നേതൃത്വത്തിൽ എസ്‌ഐമാരായ പ്രദീപ്, രഗേഷ്, സജേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുമിത്ത് ചാൾസ്, ഷിബു, സിവിൽ പോലീസ് ഓഫീസർ ജിതിൻ എന്നിവർ ചേർന്നാണ് അറസ്റ്റ് നടപടികൾ നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.




