ഹോളിവുഡിലെ പ്രശസ്ത നടൻ പാട്രിക് മുൾഡൂൺ (57) അന്തരിച്ചു. കുളിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാലിഫോർണിയയിലെ ബേവർലി ഹിൽസ്ലായിരുന്നു അന്ത്യം.
പ്രഭാതത്തിൽ പെൺസുഹൃത്തായ മിറിയം റോത്ത്ബാർട്യോടൊപ്പം കാപ്പി കഴിച്ച ശേഷം മുൾഡൂൺ കുളിക്കാൻ പോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോൾ കുളിമുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ആരോഗ്യപ്രവർത്തകർ എത്തിച്ചേരുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.
ടെലിവിഷൻ പരമ്പരയായ Days of Our Livesൽ ‘ഓസ്റ്റിൻ റീഡ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മുൾഡൂൺ ശ്രദ്ധേയനായത്. 1992 മുതൽ 1995 വരെയും പിന്നീട് 2011-12 കാലഘട്ടത്തിലും ഈ കഥാപാത്രമായി അഭിനയിച്ചു. ഈ വേഷം വലിയ ജനപ്രീതി നേടിയതോടെ മുൾഡൂണിന് വലിയ ആരാധകവൃന്ദവും ഉണ്ടായി.
1968 സെപ്റ്റംബർ 27-ന് കാലിഫോർണിയയിലെ സാൻ പെഡ്രോയിലാണ് ജനനം. കോളേജ് കാലത്തുതന്നെ അഭിനയത്തിലേക്ക് കടന്ന അദ്ദേഹം 1991-ൽ പഠനം പൂർത്തിയാക്കിയ ശേഷം മുഴുവൻ സമയം അഭിനയ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. ടെലിവിഷൻ പരമ്പരകളിലും സിനിമകളിലുമായി നൂറിലധികം കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് സിനിമകൾ പുറത്തിറങ്ങാനിരിക്കെയാണ് താരത്തിന്റെ അകാല മരണം സംഭവിച്ചത്.




