മലപ്പുറം: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവം നടക്കുന്ന ഫാറൂഖ് കോളേജ് കാമ്പസിൽ സംഘർഷം. സംഭവത്തെത്തുടർന്ന് പോലീസ് വിദ്യാർത്ഥികൾക്കെതിരെ ലാത്തിവീശി. ലാത്തിവീശലിനിടെ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ പി.കെ. ഷിഫാന കുഴഞ്ഞുവീണു. തുടർന്ന് ഷിഫാനയെ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡി സോൺ കലോത്സവത്തിൽ ഉണ്ടായ തർക്കത്തിൽ ഉൾപ്പെട്ട ചില വിദ്യാർത്ഥികൾ ഫാറൂഖ് കോളേജ് കാമ്പസിലെത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്. ഇവരും മറ്റൊരു വിദ്യാർത്ഥി സംഘവും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇത് പിന്നീട് സംഘർഷമായി മാറി. സംഘർഷം ശക്തമായപ്പോൾ പോലീസ് ലാത്തിവീശി വിദ്യാർത്ഥികളെ ഓടിച്ചു. ചില വിദ്യാർത്ഥികൾ സംഘാടക സമിതി ഓഫീസിലേക്ക് ഓടിക്കയറി. പോലീസും പിന്നാലെ എത്തിയതോടെ സംഘാടകരും വോളന്റിയർമാരും പോലീസുമായി ഉന്തുംതള്ളുണ്ടായി.
ഈ സംഘർഷത്തിനിടയിലാണ് ഷിഫാന കുഴഞ്ഞുവീണത്. ഇന്നെലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ഇതിന് മുമ്പ് വട്ടപ്പാട്ട് മത്സരത്തിന്റെ വിധിനിർണയവുമായി ബന്ധപ്പെട്ടും തർക്കം ഉണ്ടായിരുന്നു. ജെംസ് കോളേജ് വിദ്യാർത്ഥികളാണ് പരാതി ഉന്നയിച്ചത്. പിന്നീട് ഇതും സംഘർഷത്തിലേക്ക് മാറി. ഞായറാഴ്ച രാത്രി എസ്എഫ്‌ഐയും യുഡിഎസ്എഫ് വിദ്യാർത്ഥികളും തമ്മിൽ രണ്ടുതവണ സംഘർഷമുണ്ടായതായും പോലീസ് അറിയിച്ചു.




