ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയിൽ അപേക്ഷകരുടെ എണ്ണം ഉയരുന്നു. പദ്ധതി ആരംഭിച്ച ഫെബ്രുവരിയിൽ 10.05 ലക്ഷം അപേക്ഷകരുണ്ടായിരുന്നു. ഇപ്പോൾ അത് 18.18 ലക്ഷമായി ഉയർന്നിരിക്കുകയാണ്.
ഇതോടെ, പെൻഷൻ വിതരണം നടത്താൻ സർക്കാർ പ്രതിമാസം 181 കോടിയിലധികം രൂപ മാറ്റിവെക്കേണ്ട സാഹചര്യമുണ്ട്. ഫെബ്രുവരിയിൽ 100.5 കോടി രൂപയും, മാർച്ചിൽ 16.24 ലക്ഷം പേർക്ക് 162.41 കോടി രൂപയും പെൻഷനായി നൽകി. ഏപ്രിൽ മാസത്തിലെ വിതരണം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
35 വയസ് പൂർത്തിയായ സ്ത്രീകൾക്ക് എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാനാകുന്നതിനാൽ ഗുണഭോക്താക്കളുടെ എണ്ണം ഇനിയും കൂടാനിടയുണ്ട്. ജില്ലകളിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ മലപ്പുറത്താണ് – 2.55 ലക്ഷം. ഇവരിൽ 2.4 ലക്ഷം പേർക്ക് ഇതിനകം പെൻഷൻ ലഭിച്ചു. തിരുവനന്തപുരം ജില്ലയിൽ 1.91 ലക്ഷം പേർ അപേക്ഷിച്ചപ്പോൾ, 1.69 ലക്ഷം പേർക്ക് പെൻഷൻ അനുവദിച്ചു. ഏറ്റവും കുറവ് അപേക്ഷകൾ പത്തനംതിട്ട ജില്ലയിലാണ് – 51,479 പേർ. ഇവരിൽ 44,851 പേർക്ക് പെൻഷൻ ലഭിച്ചു.
ബാക്കി വരുന്ന അപേക്ഷകൾ പരിശോധനയിലാണ്. തദ്ദേശ സ്ഥാപനങ്ങൾ അപേക്ഷകൾ അംഗീകരിക്കുന്നതനുസരിച്ച് സർക്കാർ പെൻഷൻ അനുവദിക്കുന്നു. 35 മുതൽ 60 വയസ്സ് വരെയുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ അംഗങ്ങളായ സ്ത്രീകൾക്കാണ് ഈ പദ്ധതിക്ക് അർഹത. സംസ്ഥാനത്തിന് പുറത്തേക്ക് താമസം മാറുകയോ ജോലി ലഭിക്കുകയോ ചെയ്താൽ പെൻഷൻ ലഭിക്കില്ല. റേഷൻ കാർഡ് മാറ്റിയാലും പെൻഷൻ നഷ്ടമാകും. അനർഹമായി പെൻഷൻ വാങ്ങിയാൽ 18 ശതമാനം പലിശ സഹിതം തിരികെ ഈടാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.




