മുംബൈ: ദക്ഷിണ മുംബൈയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ തണ്ണിമത്തനിലൂടെ ഉണ്ടായ ഭക്ഷ്യവിഷബാധയാകാം മരണ കാരണമെന്ന് പൊലീസ് പ്രാഥമിക നിഗമനം. വീട്ടുടമ അബ്ദുല്ല (40), ഭാര്യ നസ്റിൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി വീട്ടിൽ വിരുന്ന് നടത്തിയ ഇവർ അതിഥികളോടൊപ്പം ചിക്കൻ പുലാവ് കഴിച്ചിരുന്നു. പിന്നീട് അതിഥികൾ മടങ്ങിയതിന് ശേഷം രാത്രി വൈകി തണ്ണിമത്തൻ കഴിച്ചതായാണ് വിവരം. പിറ്റേന്ന് രാവിലെ ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതോടെ ഗുരുതരാവസ്ഥയിൽ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ തണ്ണിമത്തൻ വേഗത്തിൽ പഴുപ്പിക്കാനോ ചുവപ്പുനിറം വർധിപ്പിക്കാനോ ഉപയോഗിച്ചിരിക്കാവുന്ന രാസവസ്തുക്കളുടെ സാധ്യത പൊലീസ് പരിശോധിക്കുന്നു. ഫൊറൻസിക് പരിശോധനയ്ക്കായി തണ്ണിമത്തന്റെ അവശിഷ്ടങ്ങൾ ലാബിലേക്ക് അയച്ചിട്ടുണ്ട്.




