കൊച്ചി: എറണാകുളം ജില്ലയിലെ കറുകുറ്റിയിൽ 116.37 കിലോ കഞ്ചാവുമായി നാല് ഒഡിഷ സ്വദേശികൾ എക്സൈസിന്റെ പിടിയിലായി. ഞായറാഴ്ച പുലർച്ചെ കറുകുറ്റി റെയിൽവേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒഡിഷ സ്വദേശികളായ ലക്ഷ്മൺ പത്ര (39), സഹോദരൻ തരസ്വർ പത്ര (36), ബൽഭദ്ര ധരുവ (30), പ്രദീപ് ഘഡേയ് (27) എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഏകദേശം 1.25 കോടി രൂപ വിലവരുമെന്ന് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സതീഷ് അറിയിച്ചു.
അങ്കമാലി എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡിഷയിൽ നിന്ന് ട്രെയിനിൽ എത്തിയ ശേഷം തൃശ്ശൂരിൽ ഇറങ്ങി കറുകുറ്റിയിലെത്തിയെന്നാണ് പ്രതികൾ മൊഴി നൽകിയതെങ്കിലും, ട്രെയിൻ, ബസ് ടിക്കറ്റുകൾ ഹാജരാക്കാനാകാത്തതിനാൽ ഈ മൊഴി എക്സൈസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
രണ്ട് കിലോ വീതമുള്ള 58 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് 11 ബാഗുകളിലായാണ് കടത്താൻ ശ്രമിച്ചത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
അന്തർസംസ്ഥാന ലഹരിക്കടത്ത് ശൃംഖലയിലെ ഇടനിലക്കാരാണ് പ്രതികളെന്ന് എക്സൈസ് വ്യക്തമാക്കി. മലയാളികൾ ഉൾപ്പെട്ട സംഘത്തിന് കഞ്ചാവ് കൈമാറാനായിരുന്നു പദ്ധതിയെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
അങ്കമാലി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. വിപിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. രാജ്യത്ത് വിതരണം ചെയ്യുന്ന കഞ്ചാവിന്റെ വലിയൊരു പങ്കും ആന്ധ്രാപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിലെ ചില മേഖലകളിൽ നിന്നാണ് എത്തുന്നതെന്നും അവിടെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കഞ്ചാവ് കേരളത്തിൽ ഉയർന്ന വിലയ്ക്കാണ് വിറ്റഴിക്കുന്നതെന്നും എക്സൈസ് അധികൃതർ പറഞ്ഞു.




