ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ പൊതിച്ചോർ വിതരണത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ജി. സുധാകരൻ. പൊതിച്ചോറിന്റെ പേരിൽ വ്യാപകമായി പണപ്പിരിവ് നടക്കുന്നുവെന്നും നാട്ടുകാർ നൽകുന്ന പൊതിച്ചോർ വിതരണം ചെയ്യാൻ വ്യക്തികൾക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രി കോമ്പൗണ്ടിൽ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നതിനായി നാട്ടുകാരിൽനിന്ന് പണം പിരിക്കുന്നതിനെയും സുധാകരൻ വിമർശിച്ചു. ഒരു പഞ്ചായത്തിലെ വീടുകളിൽനിന്ന് പൊതിച്ചോർ ശേഖരിച്ച് വിതരണം ചെയ്യുന്നതിന് പഞ്ചായത്ത് പ്രസിഡന്റിനാണ് അധികാരമെന്നും വ്യക്തികൾക്ക് അതിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതിച്ചോർ വിതരണം നിരോധിക്കണമെന്നല്ല തന്റെ നിലപാടെന്നും ആശുപത്രി പരിസരത്ത് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട രീതികളെയാണ് ചോദ്യം ചെയ്യുന്നതെന്നും സുധാകരൻ വ്യക്തമാക്കി.
കേരളത്തിൽ പൊതുബോധത്തിന്റെ കുറവുണ്ടെന്നും അതുകൊണ്ടാണ് പല കാര്യങ്ങളിലും മാറ്റമുണ്ടാകാത്തതെന്നും അദ്ദേഹം വിമർശിച്ചു. ആശുപത്രികളിലെ ചികിത്സാ പിഴവുകളെയും ചൂണ്ടിക്കാട്ടിയ സുധാകരൻ, തെറ്റിനെ ശരിയായും ശരിയെ തെറ്റായും അവതരിപ്പിക്കുന്ന രാഷ്ട്രീയമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ആരോപിച്ചു. ഇക്കാര്യത്തിൽ കക്ഷി വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
വണ്ടാനം മെഡിക്കൽ കോളേജിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് സുധാകരൻ നേരത്തെയും വിമർശനം ഉന്നയിച്ചിരുന്നു. മറ്റ് മെഡിക്കൽ കോളേജുകളിൽനിന്ന് വ്യത്യസ്തമായി ആശുപത്രി പരിസരത്ത് ഷെഡ് കെട്ടി ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന സംവിധാനം നിരുത്സാഹപ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ആശുപത്രി കോമ്പൗണ്ടുകൾ രാഷ്ട്രീയ സംഘടനകളുടെ ബാനറുകളും പ്രവർത്തനങ്ങളും നടത്താനുള്ള വേദിയാക്കരുതെന്നും മെഡിക്കൽ കോളേജ് പരിസരത്ത് രാഷ്ട്രീയ പാർട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണ വിതരണം നടത്തേണ്ടതില്ലെന്നും സുധാകരൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.



