മലപ്പുറം: വിഷു ആഘോഷത്തിനിടെ മലപ്പുറം ചെമ്മങ്കടവ് ചുങ്കപ്പള്ളി സ്വദേശിയായ മനോജ് ബാബുവിന്റെ വീട്ടിൽ ഗ്യാസ് സിലിണ്ടർ ചോർച്ചയെ തുടർന്ന് തീപിടിത്തം. രാവിലെ ഒമ്പത് മണിയോടെ ഭാര്യ പായസം തയ്യാറാക്കുന്നതിനിടെ സിലിണ്ടർ തുറക്കുമ്പോൾ സ്റ്റൗവിൽ നിന്നുള്ള തീ സിലിണ്ടറിലേക്ക് പടരുകയായിരുന്നു. നിമിഷങ്ങൾക്കകം അടുക്കള മുഴുവൻ തീപിടിച്ചു.
വീട്ടിലുണ്ടായിരുന്നവർ ഉടൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് എത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിവരം ലഭിച്ചെത്തിയ അഗ്‌നിരക്ഷാസേനയാണ് വെള്ളം പമ്പ് ചെയ്ത് തീ പൂര്‍ണമായി അണച്ചത്. അപകടാവസ്ഥയിലായ സിലിണ്ടർ പിന്നീട് സുരക്ഷിതമായി പുറത്തേക്ക് മാറ്റി.
തീപിടിത്തത്തിൽ അടുക്കളയിലെ വിറകുകൾ, മിക്‌സി ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ, സ്വിച്ച് ബോർഡ് എന്നിവ കത്തി നശിച്ചു. സിലിണ്ടറിന്റെ പഴകിയ പൈപ്പിലുണ്ടായ വിള്ളലിലൂടെ ഗ്യാസ് ചോർന്നതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.എച്ച് മുഹമ്മദലിയുടെ നേതൃത്വത്തിൽ മുഹമ്മദ് ഷിബിൻ, കെ.സി. മുഹമ്മദ് ഫാരിസ്, വി.പി. നിഷാദ്, ഹോം ഗാർഡ് കുഞ്ഞുമുഹമ്മദ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.




