കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്ന് 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. പേരാമ്പ്ര സ്വദേശികളായ ആത്മജ്, വസീം, ചൊക്ലി സ്വദേശി സുഹൈൽ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പാനൂർ കൊളവല്ലൂരിലെ ഒരു വീട്ടിൽ പെൺകുട്ടിയെ തടവിൽ പാർപ്പിച്ചാണ് പീഡനം നടന്നതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ലഹരി പരിശോധനയ്ക്കായി എത്തിയ പൊലീസ് സംഘത്തിന് പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചത്. തുടർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തി.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗിക പീഡനത്തിനും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തിട്ടുണ്ട്. ആത്മജും വസീമും പെൺകുട്ടിയെ കാറിൽ കൊണ്ടുപോയതായും, സുഹൈലിന്റെ കൊളവല്ലൂരിലെ വാടക വീട്ടിലാണ് കുട്ടിയെ എത്തിച്ചതെന്നും പൊലീസ് പറയുന്നു. പൊലീസിനെ കണ്ടപ്പോൾ പ്രതികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും ഇവർക്കായി അന്വേഷണം തുടരുന്നതായും അധികൃതർ അറിയിച്ചു.






