തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസുവിനെ ഉടൻ അറസ്റ്റ് ചെയ്തേക്കും . ശബരിമല കട്ടിളപ്പാളി കേസിൽ വാസു മൂന്നാം പ്രതിയാണ്.
എസ്.ഐ.ടി.യുടെ കസ്റ്റഡിയിലുള്ള മുരാരി ബാബുവിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതോടൊപ്പം ഇരുവരെയും പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനാണ് സാധ്യത. മുരാരി ബാബു സമർപ്പിച്ച ജാമ്യാപേക്ഷ നവംബർ 12-ന് റാന്നി കോടതി പരിഗണിക്കും.
ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഇനി വെറും രണ്ടാഴ്ച മാത്രമുള്ളതിനാൽ, ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പരമാവധി വിവരങ്ങൾ ശേഖരിക്കാൻ എസ്.ഐ.ടി. ശക്തമായ നീക്കമാണ് ആരംഭിച്ചിരിക്കുന്നത്.
അതേസമയം, ആറന്മുളയിലെ ദേവസ്വം സ്ട്രോങ്ങ് റൂമിൽ ജസ്റ്റിസ് കെ. ടി. ശങ്കരൻ വീണ്ടും പരിശോധന ആരംഭിച്ചു. ആറന്മുളയിലെ പരിശോധന പൂർത്തിയാക്കിയതിന് ശേഷം നവംബർ 14-ന് ശബരിമല സന്നിധാനത്തിലെ സ്ട്രോങ്ങ് റൂമിലും പരിശോധന നടത്താനാണ് തീരുമാനം.




