ചെന്നൈ: തമിഴ്നാട്ടിൽ 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രി കെ.ജി. അരുൺരാജാണ് നിയമസഭയിൽ പദ്ധതി പ്രഖ്യാപിച്ചത്. വരുമാന പരിധിയില്ലാതെ 70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഏകദേശം 38 ലക്ഷം പേർ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നാണ് കണക്ക്.
സൗജന്യവും കാഷ്ലെസ് ചികിത്സയും പദ്ധതിയിലൂടെ ഉറപ്പാക്കും. വിട്ടുമാറാത്ത രോഗങ്ങൾക്കും ഹൃദയസംബന്ധമായ അസുഖങ്ങൾക്കുമുള്ള വിദഗ്ധ ചികിത്സയ്ക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അവയവമാറ്റ ശസ്ത്രക്രിയകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഉയർന്ന ചെലവുള്ള ശസ്ത്രക്രിയകൾക്കും കോക്ലിയർ ഇംപ്ലാന്റ് ഉൾപ്പെടെയുള്ള ചികിത്സകൾക്കും 23 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നാണ് റിപ്പോർട്ട്.
നിലവിലുള്ള മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായും കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുമായും ചേർന്നായിരിക്കും പുതിയ പദ്ധതി നടപ്പാക്കുകയെന്നാണ് സൂചന.




