തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളേജുകളുടെ സമഗ്ര വികസനത്തിനായി 45.68 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഭൗതിക, മാനവവിഭവ, ഐ.ടി. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പരിപാലനം, അക്കാദമിക മികവ് വർധിപ്പിക്കൽ, പഠന നിലവാരം മെച്ചപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ടാണ് തുക അനുവദിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അറിയിച്ചു.
വിവിധ സർക്കാർ കോളേജുകളിലെ പുതിയ കെട്ടിടങ്ങൾ, അക്കാദമിക് ബ്ലോക്കുകൾ, ഭരണനിർവഹണ കേന്ദ്രങ്ങൾ, ഐ.ടി. സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കാണ് തുക വിനിയോഗിക്കുക.
എറണാകുളം പറവൂർ കേസരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയ ഭരണനിർവഹണ കേന്ദ്രത്തിന്റെ നിർമാണത്തിന് 13.48 കോടി രൂപ അനുവദിച്ചു. മഹാരാജാസ് കോളേജിലെ ഹോസ്റ്റൽ, മെസ് കെട്ടിടങ്ങൾക്കായി 5.60 കോടിയും കാര്യവട്ടം ഗവൺമെന്റ് കോളേജിലെ ലൈബ്രറി, റിസർച്ച് ബ്ലോക്ക് നിർമാണത്തിന് 4.81 കോടിയും അനുവദിച്ചിട്ടുണ്ട്.
ഗവൺമെന്റ് ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചേഴ്സ് എജ്യുക്കേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 2.42 കോടി രൂപയും, ഗവൺമെന്റ് കോളേജ് മൂന്നാറിൽ ചുറ്റുമതിൽ നിർമാണത്തിന് 1.98 കോടിയും അനുവദിച്ചു. കരുനാഗപ്പള്ളി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അക്കാദമിക് ബ്ലോക്ക്, ചുറ്റുമതിൽ നിർമാണത്തിന് 1.29 കോടി രൂപയും വടകര മടപ്പള്ളി ഗവൺമെന്റ് കോളേജിലെ പുതിയ ആർട്സ് ബ്ലോക്കിന് 1.34 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
കെകെടിഎം ഗവൺമെന്റ് കോളേജിന് 1.27 കോടി, എളേരിത്തട്ട് ഇ.കെ.എൻ.എം കോളേജിന് 99.68 ലക്ഷം, തോളന്നൂർ ഗവൺമെന്റ് കോളേജിന് 98.35 ലക്ഷം രൂപ വീതവും ഉൾപ്പെടെയാണ് വിവിധ പദ്ധതികൾക്കായി തുക അനുവദിച്ചിരിക്കുന്നത്.
സർക്കാർ കോളേജുകളെ കൂടുതൽ ആകർഷകവും വിദ്യാർഥിസൗഹൃദവുമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനും ഗവേഷണ-നവീകരണ സാധ്യതകൾ വർധിപ്പിക്കുന്നതിനും അധ്യാപന-പഠന നിലവാരം ഉയർത്തുന്നതിനും പദ്ധതികൾ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതികളുടെ നിർവഹണത്തിൽ കാലതാമസം ഒഴിവാക്കി തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


