വിദ്യാർഥികൾക്കായി പ്രത്യേക യാത്രാ ഇളവുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. 2026 ഒക്ടോബർ 20 വരെ നടത്തുന്ന ആഭ്യന്തര വിമാന ടിക്കറ്റ് ബുക്കിങ്ങുകൾക്കാണ് പരിമിതകാല ഓഫർ ലഭിക്കുക. എയർ ഇന്ത്യയുടെ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിദ്യാർഥി യാത്രാ പദ്ധതിയുടെ ഭാഗമായാണ് പ്രത്യേക ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ കോളേജുകളിലേക്ക് യാത്ര ചെയ്യുന്നവർക്കും സെമസ്റ്റർ അവധിക്കായി നാട്ടിലേക്ക് മടങ്ങുന്നവർക്കും ഈ ഓഫർ പ്രയോജനപ്പെടും.
പ്രത്യേക ഓഫറിന്റെ ഭാഗമായി ആഭ്യന്തര വിമാന ടിക്കറ്റുകളുടെ അടിസ്ഥാന നിരക്കിൽ 10 ശതമാനം ഇളവ് ലഭിക്കും. എയർ ഇന്ത്യയുടെ വിദ്യാർഥി യാത്രാ പദ്ധതിയിലൂടെ 10 കിലോഗ്രാം അധിക ലഗേജ് കൊണ്ടുപോകാനും ടിക്കറ്റ് ബുക്ക് ചെയ്തശേഷം യാത്രാ തീയതി ഒരുതവണ സൗജന്യമായി മാറ്റാനും സാധിക്കും. വടക്കേ അമേരിക്ക, യൂറോപ്പ്, ബ്രിട്ടൻ, മധ്യപൂർവദേശം, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ പ്രധാന വിദ്യാഭ്യാസ-യാത്രാ കേന്ദ്രങ്ങളിലേക്കും എയർ ഇന്ത്യയുടെ വിമാന സർവീസുകൾ ലഭ്യമാണ്.
യാത്ര ചെയ്യുന്ന തീയതിയിൽ കുറഞ്ഞത് 12 വയസ് പൂർത്തിയായ വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. കുറഞ്ഞത് ഒരു അധ്യയന വർഷമെങ്കിലും ദൈർഘ്യമുള്ള മുഴുവൻസമയ പഠന കോഴ്‌സിൽ ചേർന്നിരിക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ളതോ അംഗീകൃത ബോർഡുകളുമായോ സർവകലാശാലകളുമായോ ബന്ധമുള്ളതോ ആയ സ്കൂൾ, കോളേജ്, സർവകലാശാല എന്നിവിടങ്ങളിൽ പഠിക്കുന്നവർക്കാണ് ഈ ഇളവുകൾ ലഭിക്കുക.
എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ പ്രവേശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ബുക്കിങ് സേവനനിരക്കിൽ 50 ശതമാനം ഇളവും ലഭിക്കും.




