മഥുര: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രക്തം കൊണ്ട് കത്തുകൾ എഴുതി മഥുരയിലെ ഗോസ്വാമി സമുദായത്തിലെ സ്ത്രീകൾ. വൃന്ദാവനത്തിലെ ബങ്കെ ബിഹാരി മന്ദിറിന് ചുറ്റും ഇടനാഴി നിര്‍മാണത്തിനെതിരെയും ക്ഷേത്രത്തിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ട്രസ്റ്റ് രൂപീകരിക്കുന്നതിലും പ്രതിഷേധിച്ചാണ് കത്തെഴുതിയിരിക്കുന്നത്.
സ്ത്രീകൾ തങ്ങളുടെ വേദന പ്രകടിപ്പിക്കാൻ രക്തം കൊണ്ട് കത്തുകൾ എഴുതേണ്ടി വരുന്ന അവസ്ഥയെ ബിജെപി ജില്ലാ പ്രസിഡന്റ് മധു ശർമ്മ വിമശിച്ചു. മുഖ്യമന്ത്രി ആദിത്യനാഥിനോട് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ചുവെന്നും മധു ശർമ്മ പറഞ്ഞു.
നിർദ്ദിഷ്ട ഇടനാഴിയുടെ നിർമ്മാണത്തിനും ട്രസ്റ്റ് രൂപീകരണത്തിനും എതിരെ നൂറുകണക്കിന് ഗോസ്വാമി സമുദായ അംഗങ്ങൾ കടകളും വീടുകളും പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു. ഗോസ്വാമി വിഭാഗത്തിൽ നിന്നുള്ള പുരോഹിതന്മാരാണ് തലമുറകളായി ക്ഷേത്രകാര്യങ്ങൾ നിയന്ത്രിച്ചു വരുന്നത്. തങ്ങളുടെ പരമ്പരാഗത അവകാശങ്ങളിൽ കൈകടത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും ആരോപിച്ച് വൃന്ദാവനത്തിലെ പുരോഹിതന്മാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.






