കോഴിക്കോട്: ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക എന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഡോക്ടർമാർ നടത്തി വരുന്ന ചട്ടപ്പടി സമരത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒപി ബഹിഷ്കരിച്ചു. സമരത്തിന്റെ ഭാഗമായി തിയറി ക്ലാസുകളും ഡോക്ടർമാർ ഒഴിവാക്കി. ഒപി ബഹിഷ്കരിച്ച സാഹചര്യത്തിൽ, പിജി വിദ്യാർഥികളും ഹൗസ് സർജൻമാരുമാണ് ഒപിയിൽ രോഗികളെ പരിശോധിച്ചത്.
അതേസമയം, അഡ്മിറ്റ് ചെയ്യപ്പെട്ട രോഗികളുടെ ചികിത്സയെയും അത്യാഹിത വിഭാഗങ്ങളിലെ അടിയന്തര സേവനങ്ങളെയും സമരത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.കെ.ജി.എം.സി.ടി.എയുടെ (കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ) നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ നടന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസ്നാരാ ബീഗം നിർവഹിച്ചു.ജനറൽ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദ്, യൂണിറ്റ് പ്രസിഡന്റ് ഡോ. അബ്ദുൾ ബാസിത്ത്, ട്രഷറർ ഡോ. പി.എൻ. മിനി, ഡോ. മായ എന്നിവർ പരിപാടിയിൽ സംസാരിച്ചു. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം.










