മാഡ്രിഡ്: വിയ്യാറയലിനെതിരെയുള്ള മത്സരത്തിനിടെ എതിർ താരത്തിന്റെ മുടിയിൽ പിടിച്ചുവലിച്ചതിനും റഫറിയോട് മോശമായി സംസാരിച്ചതിനും റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് നാല് ലീഗ് മത്സരങ്ങളിൽ വിലക്ക്. സ്പാനിഷ് സോക്കർ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് ശിക്ഷ വിധിച്ചത്.
എതിർ താരത്തിന്റെ മുടിയിൽ പിടിച്ചുവലിച്ചതിന് രണ്ട് മത്സരങ്ങളിലെ വിലക്കും, തുടർന്ന് റഫറിയോട് നടത്തിയ കടുത്ത പ്രതിഷേധത്തിന് രണ്ട് മത്സരങ്ങളിലെ വിലക്കുമാണ് താരത്തിന് ലഭിച്ചത്. ഇതോടെ ബാഴ്സലോണയ്ക്കെതിരായ നിർണായകമായ ‘എൽ ക്ലാസിക്കോ’ മത്സരവും വിനീഷ്യസിന് നഷ്ടമാകും.
വിയ്യാറയലിനെതിരേ 1-0 ന് റയൽ മാഡ്രിഡ് വിജയിച്ച മത്സരത്തിന്റെ 73-ാം മിനിറ്റിലാണ് സംഭവം. പന്തുമായി മുന്നേറുന്നതിനിടെ വിയ്യാറയൽ താരം നഥാൻ സാലിബയുടെ മുടിയിൽ ശക്തമായി പിടിച്ചു വലിക്കുകയായിരുന്നു.



