തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന തന്റെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചത് നിയമപോരാട്ടത്തിലെ നിർണായക നടപടിയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് താൻ നിയമപോരാട്ടം നടത്തിയപ്പോൾ ഒരു ഘട്ടത്തിൽ തനിക്കെതിരായ വിധി ഹൈക്കോടതിയിൽനിന്ന് ഉണ്ടായിരുന്നുവെന്നും അന്ന് തന്നെ പരിഹസിച്ച സിപിഐഎം നേതാക്കളുടെയും പ്രവർത്തകരുടെയും നിലപാട് ഇപ്പോൾ എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
പിണറായി വിജയൻ കേസിൽ പ്രതിപ്പട്ടികയിൽ വരുകയും അന്വേഷണം നേരിടുകയും വേണമെന്നാണ് തന്റെ നിലപാടെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. താൻ സത്യസന്ധനാണെന്നും കൈകൾ ശുദ്ധമാണെന്നും നിയമസഭയിൽ ഉൾപ്പെടെ പറഞ്ഞിട്ടുള്ള മുഖ്യമന്ത്രി അന്വേഷണം നേരിടുന്നതിൽ എന്തിനാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
മകൾ വീണ ടി.യുമായി ബന്ധപ്പെട്ട് അന്വേഷണം ഉണ്ടാകുമെന്ന സാഹചര്യത്തിൽ പിണറായി വിജയൻ നടത്തുന്ന പ്രതികരണങ്ങളിൽ വെപ്രാളം പ്രകടമാണെന്നും കുഴൽനാടൻ ആരോപിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രായത്തെയും പൊതുജീവിതത്തെയും ബഹുമാനിക്കുന്നതിനാൽ വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് താൻ മുതിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന് നിയമപരമായി അപ്പീൽ നൽകാനുള്ള എല്ലാ അവകാശവുമുണ്ടെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസിൽ അന്വേഷണം മുന്നോട്ടുപോകണമെന്നും സുതാര്യമായ അന്വേഷണത്തിലൂടെ കുറ്റപത്രം തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസിൽ സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട് പുനഃപരിശോധിക്കേണ്ടതുണ്ടെന്നും മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ നിയമോപദേശകർ സ്വീകരിച്ച സമീപനം ശരിയായിരുന്നില്ലെന്ന് ഇപ്പോൾ ബോധ്യപ്പെട്ടിരിക്കാമെന്നും അത് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഹർജിക്കാരന്റെ വ്യക്തിഗത പശ്ചാത്തലത്തേക്കാൾ ഹർജിയിലെ നിയമപരമായ വാദങ്ങൾക്കും മെറിറ്റിനുമാണ് പ്രാധാന്യം നൽകേണ്ടതെന്നായിരുന്നു കെ.എം. ഷാജഹാനെ പിന്തുണച്ചുകൊണ്ട് അദ്ദേഹം നടത്തിയ പരാമർശം.
പ്രാഥമിക അന്വേഷണത്തിനുശേഷം തുടർനടപടികളിലേക്ക് കടക്കാമെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചിരുന്നതെന്നും എന്നാൽ ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ നിലപാടിൽ മാറ്റമുണ്ടാകേണ്ടതുണ്ടെന്നും കുഴൽനാടൻ പറഞ്ഞു.
കേസിൽ അന്വേഷണം ആരംഭിക്കാനിരിക്കുന്നതേയുള്ളൂവെന്നും തുടർ അന്വേഷണത്തിലൂടെ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. സർക്കാർ രാഷ്ട്രീയ പരിഗണനകൾക്കപ്പുറം നിയമപരമായ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാസപ്പടി കേസിലെ തുടർനടപടികൾ എന്തായിരിക്കുമെന്നതും സർക്കാർ അന്വേഷണവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നിലപാടും ഇനി നിർണായകമാകും.



