കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ ആരംഭിച്ചു. കേസിലെ സാക്ഷി വിസ്താരമാണ് ഇപ്പോൾ നടക്കുന്നത്.
വിചാരണയുടെ ആദ്യ ദിവസങ്ങളിൽ കേസിലെ 16 പ്രതികളും ഒരേപോലെയുള്ള വസ്ത്രധാരണത്തിലും രൂപത്തിലുമാണ് കോടതിയിലെത്തിയത്. വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്, കറുത്ത ഷൂസ് എന്നിവ ധരിച്ച പ്രതികളുടെ മുടിവെട്ടിലും ഒരേ ശൈലിയാണ് പിന്തുടർന്നത്. എല്ലാവരും മാസ്ക് ധരിച്ചാണ് കോടതിമുറിയിലെത്തിയത്.
എന്നാൽ വിചാരണയുടെ ഭാഗമായി പ്രതികളെ തിരിച്ചറിയുന്നതിനായി മാസ്ക് അഴിച്ചുമാറ്റാൻ ജഡ്ജി ഉത്തരവിട്ടു. പ്രതികളുടെ ഒരേപോലെയുള്ള വസ്ത്രധാരണവും രൂപവും സാക്ഷികൾക്ക് തിരിച്ചറിയുന്നതിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണോ എന്ന സംശയവും ഉയരുന്നുണ്ട്.


