ന്യൂഡൽഹി: ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി. റിയൽമി C100 പരമ്പരയിലെ പുതിയ മോഡലായ ‘റിയൽമി C100i’ (Realme C100i) ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും. ആഗോള വിപണിയിൽ റിയൽമി C100 5G, C100 4G, C100x, C100i എന്നീ മോഡലുകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും, ഇന്ത്യയിൽ ഇതുവരെ C100x മാത്രമാണ് ലഭ്യമായിട്ടുള്ളത്.
4GB RAM + 64GB സ്റ്റോറേജ്, 4GB RAM + 128GB സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളുണ്ടാകും. ഇന്ത്യയിലെത്തുന്ന മോഡലിലെ ഫീച്ചറുകൾ ഗ്ലോബൽ വേരിയന്റിന് സമാനമായിരിക്കുമോ എന്ന് വ്യക്തമല്ല. എങ്കിലും നിലവിലുള്ള റിയൽമി C100i മോഡലിന്റെ പ്രധാന ഫീച്ചറുകളെല്ലാം ഉണ്ടാകും. യുണിസോക് T7250 പ്രൊസസർ, 6.8-ഇഞ്ചിന്റെ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലെ, 7,000എംഎഎച്ചിന്റെ കൂറ്റൻ ബാറ്ററി, 15വാട്ട് ചാർജിങ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് തുടങ്ങിയവയൊക്കെയാണ് നിലവിലുള്ള റിയൽമി C100i മോഡലിലെ ഫീച്ചറുകൾ. ഇന്ത്യയിലെ ഫോണിന്റെ വില വിവരങ്ങൾ അറിയിച്ചിട്ടില്ലെങ്കിലും ബേസ് മോഡലിന് ഏകദേശം 11,890 രൂപ വരെ വില പ്രതീക്ഷിക്കാം.











