കോഴിക്കോട്: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്നാക്കി മാറ്റിയ സർക്കാർ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. സ്ഥാപനങ്ങളുടെ എല്ലാ രേഖകളിലും പുതിയ പേര് രേഖപ്പെടുത്തണമെന്നും ‘വൃദ്ധസദനം’ എന്ന പ്രയോഗം പൊതുവിൽ നിന്ന് ഒഴിവാക്കാൻ ബോധവൽക്കരണം നടത്തണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന മറ്റ് രേഖകൾ എന്നിവയിലുടനീളം പേരുമാറ്റം ഉറപ്പാക്കാൻ അടിയന്തര ഭരണനടപടികൾ സ്വീകരിക്കണമെന്ന് സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ നിർദേശം നൽകി.
‘വൃദ്ധർ’ എന്ന പദം മുതിർന്ന പൗരന്മാരിൽ അപകർഷതാബോധം സൃഷ്ടിക്കുന്നുവെന്നും വയോജന ജനസംഖ്യ വർധിക്കുന്ന സാഹചര്യത്തിൽ സ്ഥാപനങ്ങളുടെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രൊഫ. വർഗീസ് മാത്യു നൽകിയ പരാതിയിലാണ് നടപടി.
2024 ഡിസംബർ 2-ലെ സർക്കാർ ഉത്തരവ് പ്രകാരം (നമ്പർ: 247/2024/SJD) വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്നാക്കി മാറ്റിയതായി സാമൂഹികനീതി വകുപ്പ് ഡയറക്ടർ നേരത്തെ കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ പല ഇടങ്ങളിലും ഇപ്പോഴും പഴയ പേര് ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെയാണ് കമ്മീഷൻ വീണ്ടും ഇടപെട്ടത്.




