തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ കാട്ടാക്കട സ്വദേശിനി സുമയ്യയെ ഇന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കും. ഗൈഡ് വയർ പുറത്തെടുക്കാൻ സാധ്യമാണോ എന്ന് മെഡിക്കൽ സംഘം പരിശോധന നടത്തും.
മുൻപ് ചേർന്ന മെഡിക്കൽ ബോർഡിന്റെ വിലയിരുത്തലിൽ, വയർ ധമനികളോട് ഒട്ടിച്ചേർന്നതിനാൽ അത് മാറ്റാൻ ശ്രമിക്കുന്നത് അപകടകരമായിരിക്കുമെന്നു നിഗമനത്തിലെത്തിയിരുന്നു. വയർ കുടുങ്ങിയ നിലയിൽ തന്നെ തുടരുന്നത് ആരോഗ്യത്തിന് വലിയ ഭീഷണിയുണ്ടാക്കില്ലെന്നും അന്ന് നിർദ്ദേശിച്ചിരുന്നു.
എന്നാൽ, ശ്വാസമുട്ടൽ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെന്ന സുമയ്യയുടെ പരാതിയെ തുടർന്ന് വീണ്ടും വിശദ പരിശോധനയ്ക്ക് തീരുമാനിക്കുകയായിരുന്നു.
2023 മാർച്ച് 22-നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടയിൽ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയത്. ഡോക്ടർമാർക്ക് ഗുരുതരമായ പിഴവ് സംഭവിച്ചുവെന്ന് ആരോഗ്യ മന്ത്രി തന്നെ സമ്മതിച്ചിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.






