തൃശ്ശൂർ : ഗുരുവായൂർ ദശമിദിനമായ ഇന്ന് ഗജരാജൻ ഗുരുവായൂർ കേശവനനുസ്മരണം നടന്നു. ഗജരാജൻ കേശവനെ അനുസ്മരിച്ച് ദശമി ദിവസം രാവിലെ 7 മണിക്ക് ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിലെ ഗജവീരന്മാർ ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ഛായാചിത്രവും വഹിച്ചുകൊണ്ട് ഘോഷയാത്രയായി തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെട്ട് ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയിൽ സ്മരണാജ്ഞലി അർപ്പിച്ചു. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തജനാവലിയും കേശവന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ആനയൂട്ട് നടന്നു.
ഗജരാജൻ ഗുരുവായൂർ കേശവൻ ശ്രീഗുരുവായൂരപ്പ തൃപ്പാദങ്ങളിൽ വിലയം പ്രാപിച്ചത് 1976 ഡിസംബർ മാസം 2-ാം തിയ്യതിയിലെ ഗുരുവായൂർ ഏകാദശി ദിവസമായിരുന്നു. പുതുക്കി പണിത ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമ ഈ കഴിഞ്ഞ നവംബർ 16നാണ് സമർപ്പിച്ചത്.




