കൊച്ചി: മഴക്കാല രോഗങ്ങളും പകർച്ചവ്യാധികളും കേരളത്തെ വരിഞ്ഞുമുറുക്കുന്നു. മേയ് ഒന്നു മുതൽ ഓഗസ്റ്റ് 12 വരെ 31,745 പേരാണു സംസ്ഥാനത്തെ ആശുപത്രികളിൽ വിവിധ മഴക്കാല, സാംക്രമിക രോഗങ്ങൾക്കു ചികിത്സ തേടിയത്. എച്ച് വൺ എൻ വൺ ഉൾപ്പടെ വിവിധ പകർച്ചവ്യാധികൾ ബാധിച്ചു മൂന്നു മാസത്തിനിടെ ജീവൻ നഷ്ടമായത് 100 പേർക്കാണെന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
തിരുവനന്തപുരം ജില്ലയിലാണു പകർച്ചവ്യാധി ബാധിച്ച് കൂടുതൽ മരണമുണ്ടായത്; 19 പേർ. എച്ച് വൺ എൻ വണാണ് ഇക്കുറി കൂടുതൽ (55 പേർ) ജീവനെടുത്തത്. തൃശൂർ ജില്ലയിൽ 12 ഉം എറണാകുളത്തു 11ഉം പേർ എച്ച് വൺ എൻ വൺ ബാധിച്ചു മരിച്ചു. ആലപ്പുഴ, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും മൂന്നു മാസത്തിനിടെ എച്ച് വൺ എൻ വൺ മരണമുണ്ട്.
ഡെങ്കിപ്പനി ഇക്കാലയളവിൽ 22 പേരുടെ ജീവനെടുത്തു. ഇതിൽ 11 പേരും തിരുവനന്തപുരം ജില്ലയിലാണ്. ജപ്പാൻ ജ്വരവും ചിക്കുൻ ഗുനിയയും ബാധിച്ചു മരിച്ചവരുമുണ്ട്. 7,211 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിയെന്നു സംശയിക്കുന്ന സ്ഥിതിയിൽ 20,849 പേർ ചികിത്സ തേടി. എച്ച് വൺ എൻ വൺ 3,110 പേരിൽ സ്ഥിരീകരിച്ചു.



