കൊച്ചി: ഗതാഗത നിയമലംഘന കേസുകളിൽ പകുതി പിഴ അടച്ച് കേസ് അവസാനിപ്പിക്കാനുള്ള അവസരം നൽകിയതോടെ എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടി ഓഫീസിൽ നിന്ന് മാത്രം രണ്ടര കോടി രൂപ പിരിഞ്ഞു. ചെറുതും വലുതുമായ ഏകദേശം 51,000 കേസുകളാണ് വാഹന ഉടമകൾ പിഴ അടച്ച് തീർപ്പാക്കിയത്.
2024 ഡിസംബർ 31ന് മുമ്പുള്ള കേസുകൾക്ക് പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവർ പ്രഖ്യാപിച്ച ഇളവ് പ്രയോജനപ്പെടുത്തുന്നതിനായി കഴിഞ്ഞ മാസം അവസാനം നാല് ദിവസത്തെ പ്രത്യേക അദാലത്ത് സംഘടിപ്പിച്ചിരുന്നു. വർഷങ്ങളായി കെട്ടിക്കിടന്ന നിരവധി കേസുകളാണ് ഇതിലൂടെ തീർപ്പാക്കിയത്.
പിഴ ചുമത്തിയിട്ട് ഏറെകാലമായ ചില കേസുകൾ കോടതിയിലേക്കും കൈമാറിയിരുന്നു. പ്രത്യേക നടപടിക്രമങ്ങളിലൂടെ ഇവ തിരിച്ചെത്തിച്ച ശേഷമാണ് പകുതി പിഴ അടച്ച് കേസ് അവസാനിപ്പിക്കാൻ അവസരം നൽകിയത്.
വാഹനം വിറ്റശേഷവും ഉടമസ്ഥാവകാശം മാറ്റാതിരുന്നതിനെ തുടർന്ന്, തങ്ങളുടേതല്ലാത്ത നിയമലംഘനങ്ങൾക്ക് പിഴ അടയ്ക്കേണ്ടി വന്ന സംഭവങ്ങളും ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ അറിയിച്ചു.




