മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്‌സിലേക്ക് മാറിയേക്കുമെന്ന് റിപ്പോർട്ടുകൾ. താരക്കൈമാറ്റം സംബന്ധിച്ച് ഇരുടീമുകളും അവസാനഘട്ട ചർച്ചകളിലാണെന്നാണ് വിവരം.
ഹാർദിക്കിന് പകരമായി ഇന്ത്യൻ പേസ് ബൗളർ അർഷദീപ് സിങ്ങിനെയും മലയാളി താരം വിഷ്ണു വിനോദിനെയും മുംബൈ ഇന്ത്യൻസിന് നൽകാനാണ് ധാരണയെന്നാണ് റിപ്പോർട്ട്. നവംബർ 17നാണ് ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പ്രഖ്യാപിക്കാനുള്ള അവസാന തീയതി. അതിന് മുമ്പ് കൈമാറ്റവുമായി ബന്ധപ്പെട്ട കരാറുകളിൽ ഇരുടീമുകളും ഒപ്പുവെച്ചേക്കും.
നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പർ കിങ്‌സ് ഉൾപ്പെടെ മൂന്ന് ടീമുകളുമായി ഹാർദിക്കിന്റെ കൈമാറ്റം സംബന്ധിച്ച് മുംബൈ ചർച്ച നടത്തിയിരുന്നു. എന്നാൽ പഞ്ചാബുമായുള്ള ചർച്ചകളാണ് ഇപ്പോൾ അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്.
ഹാർദിക് പഞ്ചാബ് ടീമിലെത്തിയാൽ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനെയും കൈമാറാൻ സാധ്യതയുണ്ട്. മൊഹ്‌സിൻ ഖാന് പകരമായി സ്റ്റോയിനിസിനെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് നൽകാനാണ് പദ്ധതിയെന്നും റിപ്പോർട്ടുകളുണ്ട്.




