തിരുവനന്തപുരം: യാത്രയ്ക്കിടെ എൻജിൻ തകരാറിലായി വിഴിഞ്ഞം പുറംകടലിൽ കുടുങ്ങിയ വിദേശ ടാങ്കറിന് സഹായവുമായി കേരള മാരിടൈം ബോർഡ്. സിംഗപ്പൂരിൽനിന്ന് യുഎഇയിലെ കോർഫഖാനിലേക്ക് പോവുകയായിരുന്ന അറ്റ്ലാന്റിസ്-I എന്ന കപ്പലാണ് എൻജിൻ തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയത്.
കപ്പലിന്റെ ഒരു എൻജിൻ തകരാറിലായതോടെ ആവശ്യമായ സ്പെയർ പാർട്സുകൾ ലഭ്യമാക്കണമെന്ന് ക്യാപ്റ്റൻ കേരള മാരിടൈം ബോർഡിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഗുജറാത്തിൽനിന്ന് വിമാനമാർഗം എത്തിച്ച സ്പെയർ പാർട്സുകൾ തിങ്കളാഴ്ച ഉച്ചയോടെ വിഴിഞ്ഞത്ത് ലഭ്യമാക്കി.
മാരിടൈം ബോർഡ് അധികൃതർ ടഗ്ഗിന്റെ സഹായത്തോടെ സ്പെയർ പാർട്സുകൾ കപ്പലിലെത്തിച്ചു. ഞായറാഴ്ച വൈകിട്ടോടെയാണ് കപ്പൽ വിഴിഞ്ഞം പുറംകടലിൽ എത്തിയത്. എൻജിൻ തകരാർ പരിഹരിച്ച ശേഷം കപ്പൽ തിങ്കളാഴ്ച യുഎഇയിലേക്ക് യാത്ര തിരിക്കുമെന്നാണ് അറിയിച്ചിരുന്നത്.
ഇതിനിടെ ജോലി സമയം പൂർത്തിയാക്കിയ രണ്ട് ജീവനക്കാരെ കപ്പലിൽനിന്ന് കരയിലെത്തിച്ചു. പകരം രണ്ട് ജീവനക്കാരെ കപ്പലിൽ തിരികെ എത്തിക്കുകയും ചെയ്തു. കേരള മാരിടൈം ബോർഡ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.




